19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Tuesday 16 December 2014

അഞ്ചാം ദിനത്തെ ശ്രദ്ധേയമാക്കി ആറ് മലയാള ചിത്രങ്ങള്‍

ചലച്ചിത്രമേളയുടെ അഞ്ചാം ദിനം മലയാള സിനിമയുടേതുകൂടിയായിരുന്നു. മത്സര വിഭാഗത്തിലും മലയാളം സിനിമ ഇന്ന് വിഭാഗത്തിലുമായി ആറ് മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ടി.കെ. സന്തോഷ് സംവിധാനം ചെയ്ത 'വിദൂഷകന്‍' മേളയിലൂടെ ആദ്യമായി പ്രദര്‍ശിപ്പിച്ചു. 92 മിനിട്ടുള്ള ഈ ചിത്രം വിഖ്യാത എഴുത്തുകാരന്‍ സഞ്ജയന്റെ ജീവിതത്തിലെ അവസാന മണിക്കൂറുകളുടെ ദൃശ്യാവിഷ്‌കാരമായി. വ്യത്യസ്തമായ കഥാവിഷ്‌കാരം പൊതുവേ പ്രേക്ഷക പ്രശംസ നേടി. ഒരാള്‍പൊക്കം, ജലാംശം, ഞാന്‍, 1983 എന്നീ ചിത്രങ്ങള്‍ വീണ്ടും നിറഞ്ഞസദസ്സില്‍ പ്രദര്‍ശിപ്പിച്ചു. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച 'അലിഫ്' സമകാലിക പ്രസക്തിയുള്ള വിഷയത്തെ പ്രേക്ഷകരിലെത്തിച്ചു. വര്‍ത്തമാന കേരളത്തിലെ മുസ്ലീം സമുദായത്തിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ ദൃശ്യാവിഷ്‌കാരം കയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്‍.കെ. മുഹമ്മദ് കോയയാണ്  സംവിധാനം ചെയ്തത്.
നിറഞ്ഞ പ്രേക്ഷകസദസ്സിലാണ് മത്സരവിഭാഗത്തിലെ എല്ലാ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചത്. രണ്ടാമതോ മൂന്നാമതോ ആയി പ്രദര്‍ശിപ്പിച്ച ചിത്രങ്ങളിലും വന്‍ പ്രേക്ഷകസാന്നിധ്യമായിരുന്നു. വ്യവസായവത്കൃത സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരുടെ കഥപറഞ്ഞ 'ദി മാന്‍ ഓഫ് ക്രൗഡ്' എന്ന ബ്രസീലിയന്‍ ചിത്രം മികച്ച അഭിപ്രായം നേടി. പുരുഷാധിപത്യ സമൂഹത്തോട് പടവെട്ടുന്ന ലൈംഗികതൊഴിലാളിയായിരുന്ന സ്ത്രീയുടെ കഥപറഞ്ഞ 'ഒബ്ലീവിയന്‍ സീസണ്‍' താല ഹദീദിന്റെ സംവിധാനമികവുകൊണ്ടുകൂടി പ്രശംസിക്കപ്പെട്ടു. ദേവാശിഷ് മഗീജ സംവിധാനം ചെയ്ത 'ഊംഗ', പി. ശേഷാദ്രിയുടെ ഡിസംബര്‍ ഒന്ന് തുടങ്ങി മത്സരവിഭാഗത്തില്‍ എട്ട് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.

ലോകസിനിമാവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട 18 ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. വെനീസ്, ടൊറന്റോ, ലണ്ടന്‍ തുടങ്ങിയ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത 'ഹില്‍ ഓഫ് ഫ്രീഡം' എന്ന കൊറിയന്‍ ചിത്രം വ്യത്യസ്ത ദൃശ്യാനുഭവമായി. റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട 1924 ലെ 'ഷെര്‍ലക് ജൂനിയര്‍' എന്ന ബസ്റ്റര്‍ കീറ്റണ്‍ ചിത്രം പ്രേക്ഷകരെ രസിപ്പിച്ചു. തിയേറ്ററിന് പുറത്ത് പ്രതിനിധികളുടെ പതിവ് ആഘോഷങ്ങളും വസ്ത്രവൈവിധ്യവും താരസാന്നിധ്യവും ഉത്സവത്തിന്റെ പ്രതീതിയേകി. കൈരളി തിയേറ്ററില്‍ നടന്ന സുമിത്ര പെരൈസിന്റെ അരവിന്ദന്‍ അനുസ്മരണ പ്രഭാഷണം മണ്‍മറഞ്ഞ വിഖ്യാത സംവിധായകനുള്ള ആദരവായി.

No comments:

Post a Comment