19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Wednesday 17 December 2014

ബൗദ്ധിക സ്വത്തിനെ വാണിജ്യവസ്തുവായി ചുരുക്കരുത്: അജും രജബലി

വാണിജ്യ വസ്തുക്കള്‍പോലെ കൈകാര്യം ചെയ്യേണ്ടതല്ല ബൗദ്ധിക സ്വത്തെന്ന് പ്രശസ്ത തിരക്കഥാകൃത്തും ബൗദ്ധിക സ്വത്തവകാശ പ്രവര്‍ത്തകനുമായ അജും രജബലി പറഞ്ഞു. മേളയോടനുബന്ധിച്ച് നടന്ന പാനല്‍ ചര്‍ച്ചയില്‍ 'ബൗദ്ധിക സ്വത്തവകാശവും സിനിമാ പ്രവര്‍ത്തനവും' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കല എന്നത് സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണ്. തിരക്കഥാകൃത്തുക്കളുടെ സര്‍ഗവൈഭവത്തെ സിനിമയില്‍ വേണ്ടരീതിയില്‍ മാനിക്കുന്നില്ല. സിനിമാ വ്യവസായത്തില്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ആരും തയ്യാറായിരുന്നില്ല. സിനിമയുടെ ബൗദ്ധിക അവകാശം കേവലം നിര്‍മാതാവിന് മാത്രം ലഭിക്കേണ്ടതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമയുടെ സാമ്പത്തിക ലാഭം അണിയറപ്രവര്‍ത്തകര്‍ക്ക് ലഭിക്കണമെങ്കില്‍ നിര്‍മാണച്ചെലവ് പങ്കിടാനും അവര്‍ തയ്യാറാകണമെന്ന് ഫിലിം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മറിയം ജോസഫ് പറഞ്ഞു. നിര്‍മാതാക്കളെക്കാലും സിനിമയിലെ ബൗദ്ധിക സ്വത്ത് ചൂഷണം ചെയ്യുന്നത് വിതരണക്കാരാണ്. വിതരണമേഖലയില്‍ സുതാര്യതയുണ്ടാകേണ്ടത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.
സിനിമയില്‍ ആര് എന്തുചെയ്യുന്നുവെന്ന് കൃത്യമായി പറയാന്‍ സാധ്യമല്ലാത്തതിനാലാണ് ബൗദ്ധിക സ്വത്തവകാശ തര്‍ക്കങ്ങളുണ്ടാകുന്നതെന്ന് സംവിധായകനും ചിത്ര സംയോജകനുമായ അജിത് കുമാര്‍ അഭിപ്രായപ്പെട്ടു. സിനിമയില്‍ സംവിധാനം, നിര്‍മാണം, ഛായാഗ്രാഹണം, തിരക്കഥ തുടങ്ങിയ പ്രാഥമിക പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ക്കാണ് ബൗദ്ധിക സ്വത്തവകാശം ലഭിക്കേണ്ടതെന്ന് ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു പറഞ്ഞു.

പകര്‍പ്പവകാശത്തിലെ നിയമപ്രശ്‌നത്തെക്കുറിച്ച് കൊച്ചി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസിലെ അസി. പ്രൊഫ. ആരതി അശോകും നിയമ വിദഗ്ധന്‍ വിനയ് ഷെട്ടിയും സംസാരിച്ചു. സംവിധായകന്‍ ലീനസ് ചര്‍ച്ചയില്‍ അധ്യക്ഷതവഹിച്ചു.

No comments:

Post a Comment