19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Thursday 18 December 2014

കാഴ്ചയുടെ പൂരത്തിന് ഇന്ന് കൊടിയിറങ്ങും

ലോകസിനിമയുടെ വിസ്മയക്കാഴ്ചകള്‍ സമ്മാനിച്ച് 19 ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും. പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ പതിനായിരത്തിലധികം സിനിമാ പ്രേമികള്‍ മേളയെ സജീവമാക്കി. 140 ചിത്രങ്ങളാണ് ഇക്കുറി മേളയില്‍ വിരുന്നൊരുക്കിയത്. ലോകസിനിമാവിഭാഗത്തില്‍ 37 രാജ്യങ്ങളില്‍ നിന്നായി 61 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിയത്. ഇതില്‍ 12 എണ്ണം വനിതാ സംവിധായകരുടേതായിരുന്നുവെന്നത് ശ്രദ്ധേയമായി. ഇത്തവണ നാല് ഇന്ത്യന്‍ ചിത്രങ്ങളുള്‍പ്പെടെ 14 ചിത്രങ്ങളായിരുന്നു മത്സരവിഭാഗത്തില്‍. ഇറാന്‍, ബംഗ്ലാദേശ്, മെക്‌സിക്കോ, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഓരോ ചിത്രങ്ങള്‍വീതം പ്രദര്‍ശനത്തിനെത്തി. ഭാഷയിലും അവതരണത്തിലും പുത്തന്‍ പരീക്ഷണങ്ങളുമായി ഏഴ് ചിത്രങ്ങളാണ് മലയാളത്തിന്റെ സൗന്ദര്യം വിളിച്ചോതി മലയാളസിനിമ ഇന്ന് വിഭാഗത്തില്‍ എത്തിയത്. ഇന്ത്യന്‍ സിനിമാ വിഭാഗത്തിലും ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. മേളയിലൂടെ ഏഴ് ചിത്രങ്ങള്‍ റിലീസ് ചെയ്യുകയും ചെയ്തു.
സിനിമകള്‍ തീര്‍ത്ത ആരവങ്ങള്‍ക്കപ്പുറം മേളയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറുകളും മുഖാമുഖവും കാണികള്‍ക്ക് വ്യത്യസ്ത ചലച്ചിത്രാനുഭവമാണ് സമ്മാനിച്ചത്. മേളയുടെ ഭാഗമായി നടന്ന മീറ്റ് ദി പ്രസ് പരിപാടിയും അരവിന്ദന്‍ അനുസ്മരണ പ്രഭാഷണവും പ്രേക്ഷകര്‍ക്ക് സിനിമയുടെ അനന്തമായ അറിവുകള്‍ സമ്മാനിച്ചു. രണ്ടു വര്‍ഷത്തിനുശേഷം മേളയില്‍ തിരിച്ചെത്തിയ ഓപ്പണ്‍ ഫോറം സിനിമാ പ്രവര്‍ത്തകരുംപ്രേക്ഷകനും തമ്മിലുള്ള ഗൗരവമായ ചലച്ചിത്ര ചിന്തകള്‍ക്ക് വേദിയായി. മനുഷ്യജീവിതത്തിന്റെ സ്വപ്നങ്ങളും ഒറ്റപ്പെടലും പ്രണയുവം പ്രതികാരവും സമ്മേളിച്ച യുവസംവിധായകരുടെ ചിത്രങ്ങള്‍ കാണികള്‍ നെഞ്ചേറ്റി സ്വീകരിക്കുന്ന കാഴ്ചയ്ക്കും ഈ മേള സാക്ഷിയായി.
സിനിമയെ വികാരവിനിമയത്തിനുള്ള മാധ്യമമാക്കിമാറ്റിയ ഒരുകൂട്ടം വനിതാസംവിധായകരുടെ ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. തന്റെരാഷ്ട്രീയിലപാട് പ്രഖ്യാപിക്കാനുള്ള മാധ്യമമായി സിനിമയെ കണ്ട തലാഹദീദിന്റെ 'ദി നാരോ ഫ്രൈം ഓഫ് മിഡ്‌നൈറ്റ്' ഇറാനിയന്‍ സംവിധായികയും എഴുത്തികുരിയായ നര്‍ഗീസ് അബിയാറിന്റെ ട്രാക് 143 എന്നീ ചിത്രങ്ങള്‍ പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ചു. പ്രായഭേദമെന്യേ പതിനായിരത്തിലധികം പ്രതിനിധികള്‍ കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിലെ 11 തിയേറ്ററുകളില്‍ ആര്‍ത്തലച്ചെത്തിയപ്പോള്‍ അനന്തപുരിയുടെ ഓരോ ശ്വാസനിശ്വാസത്തിനും നല്ല സിനിമയുടെ ഗന്ധമായിരുന്നു.

ഡിസംബറിന്റെ ചൂടും തണുപ്പും വകവെക്കാതെ വ്യത്യസ്ത കാഴ്ചപ്പാടുകളുമായി പല നാട്ടില്‍ നിന്നെത്തിയ കാണികള്‍ ഒരാഴ്ചയ്ക്കിപ്പുറം തിയേറ്ററിന്റെ പടികളിറങ്ങുമ്പോള്‍ ഓരോ പ്രേക്ഷകനും നിസംശയം പറയുന്നു മികച്ച സിനിമകള്‍കൊണ്ട് സമ്പന്നമായിരുന്നു 19 ാമത് രാജ്യാന്തര ചലച്ചിത്രമേള.

No comments:

Post a Comment