19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Friday 19 December 2014

ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി

പത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിശാഗന്ധിയില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ സമാപനമായി. സുവര്‍ണ ചകോരവും രജതചകോരവുമടക്കമുള്ള അവാര്‍ഡുകള്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം വിതരണം ചെയ്തു. കേരളം ദൈവത്തിന്റെ സ്വന്തം നാടെന്നതിലുപരി അനുഗ്രഹീത കലാകാരന്മാരുടെ കൂടി നാടാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍ തുടങ്ങിയ പ്രതിഭകള്‍ മലയാളസിനിമയുടെ മഹത്വം വാനോളം ഉയര്‍ത്തിയവരായിരുന്നു.  മുപ്പതോളം ലോകരാജ്യങ്ങളില്‍ നിന്നുള്ള മികച്ച സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഇത്തവണത്തെ മേള വിജയകരമാണെന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യമാര്‍ന്ന പ്രമേയങ്ങളുള്ള ജീവിതത്തിന്റെ വ്യത്യസ്ത വികാരങ്ങള്‍ പ്രതിഫലിപ്പിക്കപ്പെട്ട ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. മേളയുടെ ഭാഗമായി നടന്ന സെമിനാര്‍, പാനല്‍ ഡിസ്‌കഷന്‍, ഓപ്പണ്‍ ഫോറം തുടങ്ങിയ പരിപാടികളും സിനിമയെക്കുറിച്ച് അവബോധം വര്‍ധിപ്പിക്കുന്നതിന് സഹായകമായതായി അദ്ദേഹം പറഞ്ഞു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
 മുഖ്യാതിഥിയായ തുര്‍ക്കി സംവിധായകന്‍ നൂറി ബില്‍ജി സെയ്‌ലനെ ഗവര്‍ണര്‍ പൊന്നാടയണിയിച്ചു. സത്യജിത് റേയെപ്പോലുള്ള ഗുരുക്കന്മാരുടെ നാടായ ഭാരത്തില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നൂറി ബില്‍ജി പറഞ്ഞു.
പരാതികളുയര്‍ന്നെങ്കിലും പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രങ്ങളുടെ മികവിലൂടെ മേള അവിസ്മരണീയമായെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. മികച്ച ലോകചിത്രങ്ങള്‍ മേളയിലവതരിപ്പിക്കപ്പെട്ടത് എല്ലാ കോണുകളില്‍ നിന്നും പ്രശംസ ലഭിക്കാന്‍ ഇടയാക്കിയതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. മാനുഷികമായ പരിമിതികള്‍ മറികടക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാംസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതം പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി. രാജീവ്‌നാഥ്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഇന്ദു ശ്രീകണ്ഠ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

കലാമണ്ഡലം ബേബി മാരാരുടെ സോപാന സംഗീതത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഔദ്യോഗിക ചടങ്ങുകള്‍ക്കു ശേഷം കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളുടെ മോഹിനിയാട്ടവും നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് മുന്‍ ഡയറക്ടര്‍ പി.കെ.നായരെ ആദരിക്കുന്ന ചടങ്ങും നടന്നു. തുടര്‍ന്ന് സുവര്‍ണ ചകോരം നേടിയ ചിത്രം 'റഫ്യൂജിയോദോ' പ്രദര്‍ശിപ്പിച്ചു.

No comments:

Post a Comment