19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Monday 15 December 2014

ആഘോഷഭരിതം നാലാം നാള്‍; വണ്‍ ഓണ്‍ വണ്‍ കാണാന്‍ കനത്ത തിരക്ക്

മേളയിലെ നാലാംനാളും നിറഞ്ഞ സദസിലാണ് ചിത്രങ്ങളെല്ലാം പ്രദര്‍ശിപ്പിച്ചത്. തുടക്കത്തിലുണ്ടായിരുന്ന പരാതികളും കനത്ത തിരക്കുമെല്ലാം മാറി ആദ്യമെത്തിയവര്‍ക്കെല്ലാം സീറ്റുകിട്ടി. ഇതിന് വിപരീതമായ രംഗങ്ങളുണ്ടായത് ന്യൂതിയേറ്ററിലാണ്. കിംകി ഡുക്കിന്റെ 'വണ്‍ ഓണ്‍ വണ്‍' എന്ന ചിത്രത്തിനാണ് അഭൂതപൂര്‍വ തിരക്ക് അനുഭവപ്പെട്ടത്. വൈകിട്ട് ആറരയ്ക്കുള്ള ഈ സിനിമയ്ക്കായി നാലുമണിക്കേ നീണ്ട ക്യൂ. ഒടുവില്‍ പരിഭവത്തോടെ സിനിമ കാണാനാകാതെ പലര്‍ക്കും മടങ്ങേണ്ടി വന്നു; ഇനി മൂന്ന് പ്രദര്‍ശനങ്ങള്‍ കൂടി ബാക്കിയുണ്ടെന്ന ആശ്വാസത്തോടെ. കലാകാരന്മാര്‍ അവതരിപ്പിച്ച തെരുവ് നാടകങ്ങളും പാട്ടുമെല്ലാം സിനിമകാണാനെത്തിയവര്‍ക്ക് കൗതുകക്കാഴ്ചകളുമായി. മേളയിലൊട്ടാകെ ഒന്‍പത് വിഭാഗങ്ങളിലായി  പ്രദര്‍ശിപ്പിച്ചത് 47 ചിത്രങ്ങള്‍.
തിയേറ്ററിന് പുറത്തുള്ള പരിപാടികളും സജീവമായിരുന്നു. പതിവുപരിപാടികളായ മലയാളം ഫിലിം മാര്‍ക്കറ്റ്, പ്രസ്മീറ്റ്, സെമിനാര്‍ എന്നിവ ഉയര്‍ന്ന നിലവാരം പുലര്‍ത്തി. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയ മാര്‍ക്കോ ബലോക്കിയോയുമായി സുരേഷ് ചാബ്രിയ നടത്തിയ മുഖാമുഖവും വ്യത്യസ്തമായ അനുഭവമായി.
മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച പത്ത് ചിത്രങ്ങളും പ്രേക്ഷക പ്രശംസനേടി.  ന്യൂ തിയേറ്റര്‍ സ്‌ക്രീന്‍ ഒന്നില്‍ പ്രദര്‍ശിപ്പിച്ച 'ദി നാരോ ഫ്രെയിം ഓഫ് മിഡ് നൈറ്റ്' അയിച്ച എന്ന കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി 21 ാം നൂറ്റാണ്ടിലെ ഇടമില്ലായ്മ അവതരിപ്പിച്ചു.

മുസ്തഫ സര്‍വാര്‍ ഫറൂക്കി സംവിധാനം ചെയ്ത ബംഗ്ലാദേശി ചിത്രം 'ദി ആന്റ് സ്റ്റോറി' സിഥാര്‍ഥ് ശിവയുടെ 'സഹീര്‍', മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച എം.പി. സുകുമാരന്‍ നായരുടെ 'ജലാംശം' എന്നിവയും ശ്രദ്ധനേടി. 

No comments:

Post a Comment