19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Thursday 18 December 2014

സാംസ്‌കാരിക വിപ്ലവം യൗവ്വനകാലത്ത് സിനിമയില്‍ നിന്ന് അകറ്റി: ഷീഫെ

ചൈനയിലുണ്ടായ സാംസ്‌കാരിക വിപ്ലവത്തിന്റെ ഫലമായി തന്റെ യൗവ്വനകാലത്ത് സിനിമാ ലോകവുമായി അകന്നു നില്‍ക്കേണ്ടി വന്നിരുന്നുവെന്ന് ചലച്ചിത്രമേളയിലെ ജൂറി ചെയര്‍മാനും ചൈനീസ് സംവിധായകനുമായ ഷിഫെ പറഞ്ഞു. കൈരളിയില്‍ ചലച്ചിത്ര നിരൂപക ബര്‍നീസ് റെയ്‌നാഡുമായുള്ള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക വിപ്ലവഘട്ടത്തില്‍ താനടക്കമുള്ളവര്‍ അതിവിദൂര ഗ്രാമ പ്രദേശങ്ങളില്‍ അഭയം പ്രാപിച്ചു. ഗ്രാമാന്തരീക്ഷത്തില്‍ നിന്നുലഭിച്ച ജീവിതാനുഭവങ്ങള്‍ തുടര്‍ന്നുള്ള സിനിമാ ജീവിതത്തെ ഏറെ സ്വാധീനിച്ചു. 1980- കള്‍ ചൈനീസ് സിനിമയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു.ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുകയും യാഥാര്‍ഥ്യത്തിനു നേരെ കണ്ണുതുറക്കുകയും ചെയ്തു.ഈ കാലഘട്ടത്തില്‍ ചൈനീസ് ക്ലാസ്സിക്കല്‍ റിയലിസവും പാശ്ചാത്ത്യശൈലിയും സിനിമയില്‍ പരീക്ഷിച്ചു.

ചൈനീസ് സര്‍ക്കാരിന്റെ കര്‍ശനമായ സെന്‍സര്‍ നിയമങ്ങള്‍ യുവസിനിമാ പ്രവര്‍ത്തകരെ കലാമൂല്യമുള്ള ചിത്രങ്ങളെയുപേക്ഷിച്ച് കച്ചവട സിനിമയിലേക്ക് ചുവടു വയ്ക്കാന്‍ പ്രേരിപ്പിച്ചു. നൂതന സാങ്കേതിക വിദ്യയുടെ സഹായത്താല്‍ സിനിമാ നിര്‍മ്മാണത്തിന്റെ ചിലവ് കുറഞ്ഞപ്പോഴും പരമാവധി പ്രയോജനപ്പെടുത്താന്‍ ചൈനീസ് സിനിമാ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

No comments:

Post a Comment