19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Thursday 18 December 2014

ചലച്ചിത്രമേളയ്ക്ക് ഇന്ന് (ഡിസം.19) തിരശ്ശീല വീഴും

പത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് (ഡിസം.19) തിരശ്ശീലവീഴും. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങ് വൈകിട്ട് നാല് മണിയോടെ ആരംഭിക്കും. കലാപീഠം ബേബി മാരാര്‍ അവതരിപ്പിക്കുന്ന സോപാന സംഗീതത്തോടെയാണ് വേദിയുണരുക.
4.30 ന് സമാപന ചടങ്ങുകള്‍ക്ക് തുടക്കമാകും. വനം-പരിസ്ഥിതി-ഗതാഗത-സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചടങ്ങിന് അധ്യക്ഷത വഹിക്കും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതമാശംസിക്കുന്ന ചടങ്ങില്‍ അക്കാദമി ചെയര്‍മാനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ ടി. രാജീവ് നാഥ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സദസ്സിനെ അഭിസംബോധന ചെയ്യും. സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് മുഖ്യപ്രഭാഷണം നടത്തും. വിഖ്യാത സംവിധായകന്‍ നൂറി ബില്‍ജി സെയ്‌ലന്‍ മുഖ്യാതിഥിയായിരിക്കും.

മേളയിലെ മികച്ച ചിത്രങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ വിവിധ പുരസ്‌കാരങ്ങള്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം വിതരണം ചെയ്യും. മത്സരവിഭാഗത്തിലെ ചിത്രങ്ങള്‍ക്ക് സുവര്‍ണചകോരം അടക്കമുള്ള പുരസ്‌കാരങ്ങളാണ് നല്‍കുക. മികച്ച ചിത്രത്തിന് സുവര്‍ണ ചകോരവും മികച്ച സംവിധായകന് രജതചകോരവും ലഭിക്കും. മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡും,  ഫിപ്രസി, നെറ്റ്പാക് പുരസ്‌കാരങ്ങളും ചടങ്ങില്‍ നല്‍കും. പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ്, മാധ്യമ അവാര്‍ഡുകള്‍, തിയേറ്റര്‍ അവാര്‍ഡുകള്‍ എന്നിവയും ചടങ്ങില്‍ സമ്മാനിക്കും. അക്കാദമി സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍ കൃതഞ്ജത രേഖപ്പെടുത്തും. ചലച്ചിത്ര സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. 5.30 മുതല്‍ കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന മോഹിനിയാട്ടം നടക്കും. ഇതിനെത്തുടര്‍ന്ന് സുവര്‍ണ ചകോരം നേടുന്ന ചിത്രത്തിന്റെ പ്രദര്‍ശനവും നിശാഗന്ധിയില്‍ നടക്കും.

No comments:

Post a Comment