19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Monday 15 December 2014

കേരളത്തില്‍ രാഷ്ട്രീയ സിനിമകള്‍ ഉണ്ടായിട്ടില്ല: രഞ്ജിത്ത്

കേരളത്തില്‍  ശരിയായ അര്‍ത്ഥത്തിലുള്ള രാഷ്ട്രീയ സിനിമകള്‍ ഉണ്ടായിട്ടില്ലെന്ന് പ്രശസ്ത സംവിധായകന്‍ രഞ്ജിത്ത് അഭിപ്രായപ്പെട്ടു. ഞാന്‍ എന്ന തന്റെ ചിത്രവും വ്യത്യസ്തമല്ല.   സ്വന്തമായ ചെറിയ ഇടങ്ങളില്‍ സാമൂഹ്യ ഇടപെടല്‍ നടത്തി ആരുമറിയാതെ കടന്നുപോയവരുടെ പ്രതിനിധിയായാണ് ഞാനിലെ മുഖ്യകഥാപാത്രം. രാഷ്ട്രീയ   മേല്‍വിലാസത്തോടെ വന്നിട്ടുള്ള മിക്ക ചിത്രങ്ങളും ശരിയായ പൊളിറ്റിക്കല്‍ ഇഷ്യുകള്‍ ചര്‍ച്ച ചെയ്തിട്ടില്ല. മൂല്യമുള്ളവരും മൂല്യമില്ലാത്തവരും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കഥമാത്രമാണ് രാഷ്ട്രീയ സിനിമകളായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.  സിനിമയ്ക്കുള്ള മെറ്റീരിയലായി രാഷ്ട്രീയത്തെ ഉപയോഗിക്കേണ്ടതില്ല. ചലച്ചിത്രമേളയോടനുബന്ധിച്ച് ഹൈസിന്തില്‍ സംഘടിപ്പിച്ച പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു രഞ്ജിത്ത്.
അണുകുടുംബത്തിലേക്ക് ചുരുങ്ങിയപുതുതലമുറയ്ക്ക് ബന്ധങ്ങളുടെ വൈപുല്യവും ആഴവും അപരിചിതമായോയെന്ന്  തോന്നാറുണ്ട്. വലിയമ്മ ജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന വ്യക്തിയായി ഇന്നത്തെ തലമുറയിലെ മിക്കവര്‍ക്കും തോന്നാത്തത് ഇത്തരം അകന്നു പോകലുകളുടെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമയെന്ന സ്വപ്നത്തിന്റെ പിറകേയുള്ള നിരന്തര യാത്രകളുടെ ഫലമാണ് അസ്തമയം വരെയെന്ന തന്റെ ചിത്രമെന്ന് യുവസംവിധായകന്‍ സജന്‍ ബാബു പറഞ്ഞു. 120ഓളം ലൊക്കേഷനുകളിലായി രണ്ടര വര്‍ഷം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് ഇതുവരെയെത്തി. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ഫിലിം ഫെസ്റ്റിവലുകള്‍ കണ്ടപ്പോഴത്തെ  കയ്പും മധുരവും കലര്‍ന്ന അനുഭവങ്ങളും സജന്‍ബാബു പങ്കു വച്ചു.

 യാഥാസ്ഥിതിക ഇറാനിയന്‍ സമൂഹത്തിനും ഭരണവര്‍ഗത്തിനും നേരെ  പിടിച്ച കണ്ണാടിയാണെന്ന് തന്റെ സിനിമകളെന്ന് 'ഒബ്ലീവിയന്‍ സീസണി'ന്റെ സംവിധായകന്‍ അബ്ബാസ് റാഫി പറഞ്ഞു. ലൈംഗിക തൊഴിലാളിയുടെ കഥപറയുന്ന ചിത്രം ഇറാനില്‍ ഉപജീവനത്തിനായി ലൈംഗിക തൊഴില്‍ ചെയ്യേണ്ടിവരുന്ന സ്ത്രീകളുടെ കഥ പറയുന്നു.  ചിത്രത്തിലെ ജീവിതാവസ്ഥകള്‍ ഇറാന്റെ മാത്രംപ്രശ്‌നമല്ല.ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ ഇത് നേരിടുന്നു. മത്സരവിഭാഗത്തിലെ ഫ്രഞ്ച് ചിത്രമായ 'ദേ ആര്‍ ദി ഡോഗ്‌സ്' എന്ന ചിത്രത്തിലെ നടന്‍ ഇമ്ദ് ഫിജാജ്, ഫെസ്റ്റിവല്‍ പ്രോഗ്രാം ഡയറക്ടര്‍ ഇന്ദുശ്രീകണ്ഠ് , ദ്വിഭാഷികള്‍ എന്നിവര്‍ പ്രസ്മീറ്റില്‍ പങ്കെടുത്തു.

No comments:

Post a Comment