19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Thursday 18 December 2014

പ്രാദേശികത ആവിഷ്‌കാര ശീലങ്ങളെയും ബാധിക്കും: മുസ്തഫ സര്‍വാര്‍ ഫാറൂക്കി

ഒരു പ്രദേശത്തിന്റെ പ്രാദേശീക ഘടകങ്ങള്‍ പ്രേക്ഷകന്റെ കാഴ്ചാശീലത്തെയും ചലച്ചിത്ര ആസ്വാദന നിലവാരത്തെയും സ്വാധീനിക്കുമെന്ന് 'ദി ആന്റ് സ്റ്റോറി' സിനിമയുടെ സംവിധായകന്‍ മുസ്തഫ സര്‍വാര്‍ ഫറൂക്കി അഭിപ്രായപ്പെട്ടു. ന്യൂ തിയേറ്ററില്‍ നടന്ന മീറ്റ് ദി ഡയറക്ടര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസ്വാദകര്‍ വൈകാരികമായും വിമര്‍ശനാത്മകമായും ചിത്രത്തെ കാണുമ്പോള്‍ മാത്രമേ സിനിമ പൂര്‍ണമാകുന്നുള്ളു. യാഥാര്‍ഥ്യത്തെ പുനരാവിഷ്‌കരിച്ചാല്‍ സിനിമയാകണമെന്നില്ല. സിനിമ സമൂഹത്തിന് സന്ദേശം നല്‍കുന്നവയായിരിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ കൗശലപൂര്‍വം അവ പറയാന്‍ സാധിക്കുന്നിടത്താണ് സംവിധായകന്‍ വിജയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളാണ് ബംഗ്ലാദേശില്‍ സിനിമാ സംസ്‌കാരം വളര്‍ത്തിയത്. ഇന്ത്യന്‍ സിനിമകളുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ അവിടുത്തെ ചലച്ചിത്രങ്ങള്‍ക്ക് പ്രത്യേക ഭാഷ്യം നല്‍കാന്‍ സഹായിച്ചിട്ടുണ്ട്. അവിടെ ഇപ്പോഴും സ്വതന്ത്ര സിനിമകള്‍ ശൈശവദശയിലാണെന്നും അദ്ദേഹം പറഞ്ഞു.

അനുഭവങ്ങളാണ് സൃഷ്ടികള്‍ക്ക് ജീവന്‍ നല്‍കുന്നതെന്ന് സംവിധായകന്‍ സലില്‍ ലാല്‍ അഹമ്മദ് പറഞ്ഞു. മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 'കാള്‍ട്ടണ്‍ ടവേഴ്‌സ്' എന്ന ചിത്രത്തിന്റെ സംവിധായകനാണ് സലില്‍. അനുഭവങ്ങളില്‍ നിന്നും കഥമെനയുമ്പോള്‍ സ്വന്തം രാഷ്ട്രയവും വ്യക്തിത്വവും സിനിമയില്‍ പ്രകടമാകും. മേളകളില്‍ വ്യക്തിയാരാധന വളര്‍ന്നുവരുന്നത് നിരാശാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചലച്ചിത്ര നിരൂപകന്‍ എ. മീരാസാഹിബ്, സംവിധായകന്‍ ബാലു കിരിയത്ത് എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment