19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Wednesday 17 December 2014

ചലച്ചിത്രമേള മുന്നോട്ടുവെക്കുന്നത് വൈവിധ്യമുള്ള കാഴ്ചപ്പാടുകള്‍: തലാ ഹദീദ്

ചലച്ചിത്രമേളകള്‍ മുന്നോട്ടുവെക്കുന്നത്  അതിര്‍ത്തികള്‍ക്കപ്പുറമുള്ള ജീവിതത്തിന്റെ വിശാലമായ കാഴ്ചപ്പാടുകളും മൂല്യങ്ങളുമാണെന്ന് 'ദി നാരോ ഫ്രൈം ഓഫ് മിഡ്‌നൈറ്റി'ന്റെ സംവിധായിക തലാ ഹദീദ് അഭിപ്രായപ്പെട്ടു. മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു. തന്റെ രാജ്യമായ മൊറോക്കോയില്‍ വളരെ കുറച്ച് വനിതാ സംവിധായകര്‍ മാത്രമേയുള്ളു. ഇതിന് കാരണം അവിടെ നിലനില്‍ക്കുന്ന പുരുഷാധിപത്യ സമൂഹമാണ്. എന്നാല്‍പ്പോലും വളരെ വ്യത്യസ്തമാര്‍ന്ന രീതിയില്‍ സിനിമയെ സമീപിക്കാനാണ് അവിടുത്തെ സ്ത്രീ സംവിധായകര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലോകസിനിമാവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഇറാനിയന്‍ സിനിമയായ 'ട്രാക്ക് 143'യുടെ സംവിധായിക നര്‍ഗീസ് അബ്‌യാറും പുരുഷമേധാവിത്വത്തെക്കുറിച്ച് ശക്തമായി പ്രതികരിച്ചു. പുരുഷമേധാവിത്വം ഒരു രാജ്യത്തുമാത്രമല്ലെന്നും അതൊരാഗോള പ്രതിഭാസമാണെന്നും അതിനെതിരെയുള്ള നടപടികള്‍ സ്വീകരിക്കുകയാണ് സിനിമാലോകം ചെയ്യേണ്ടതെന്നും അഭിപ്രായപ്പെട്ടു. തന്റെ സിനിമകള്‍ എല്ലാം തന്നെ യുദ്ധത്തിനെതിരെയുള്ള സ്ത്രീ മനസ്സുകളുടെ കാഴ്ചപ്പാടാണെന്നും ഓരോ കലാകാരന്മാരും രാഷ്ട്രീയപ്രവര്‍ത്തകരാണെന്നും അവര്‍ പറഞ്ഞു.
ഭാരതം തനിക്ക് എക്കാലവും ആവേശമായിരുന്നുവെന്നും ഇവിടെ സിനിമകള്‍ ചെയ്യാനാണ് തനിക്ക് താത്പര്യമെന്നും 'ഏക് ഹസാര്‍ചി നോട്ടി'ന്റ സംവിധായകന്‍ ശ്രീഹരി സാതെ പറഞ്ഞു. ഗ്രാമീണ ഭാരതത്തെ ദൃശ്യവത്കരിക്കാനാണ് തനിക്കിഷ്ടം. ഒരു നിശ്ചിത പ്രദേശത്തെക്കുറിച്ച് പറയാത്തിടത്തോളം കാലം ഒരിക്കലും ഒരു സംവിധായകന് ആഗോളതലത്തിലേക്കുയരാന്‍ സാധ്യമല്ലെന്ന അഭിപ്രായം  അവര്‍ പങ്കുവെച്ചു.

സിനിമയില്‍ നിര്‍മാതാവും മറ്റു കലാകാരന്മാരും തുല്യരാണെന്നും നിര്‍മാതാവിന് ചിത്രത്തിന് പണം മുടക്കുന്നതിലുപരി കലാകാരനെന്നുള്ള സ്ഥാനം ലഭിക്കേണ്ടതുണ്ടെന്ന് നിര്‍മാതാക്കളായ ശേഖര്‍ സാതെയും വിക്രം മൊഹിന്ദയും അഭിപ്രായപ്പെട്ടു. പ്രൊഫ. നീന ടി. പിള്ള, മീഡിയ സെല്‍ കോ-ഓഡിനേറ്റര്‍ ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment