19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Thursday 18 December 2014

സമൂഹമനസിന്റെ കാഴ്ചയായി സിനിമയെ മാറ്റുന്നത് ഫെസ്റ്റിവലുകള്‍: സനല്‍കുമാര്‍ ശശിധരന്‍

സമൂഹത്തിന്റെ കാഴ്ചയായി സിനിമയെ മാറ്റുന്നത് ചലച്ചിത്രോത്സവങ്ങളാണെന്ന് ഒരാള്‍ പൊക്കത്തിന്റെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. സിനിമ ഒരു വ്യക്തിയുടെ മാത്രം കാഴ്ചയല്ല. ഒറ്റയ്ക്ക് സിനിമ കാണുമ്പോള്‍ ശരിയായ ചലച്ചിത്ര സംവേദനം സാധ്യമാകുന്നില്ല. പരസ്പരം തിരുത്താനും സ്വയം തിരുത്തപ്പെടാനും ഫിലിം ഫെസ്റ്റിവലുകള്‍ സഹായിക്കുന്നു. ആസ്വാദനം ആപേക്ഷികമാണ്. അത് ഓരോരുത്തരിലും വ്യത്യസ്തമാണ്. സമൂഹത്തിന്റെ മുഖമായ ഫിലിം ഫെസ്റ്റിവലുകള്‍ ബുദ്ധിജീവികളെയല്ല, സാധാരണ പ്രേക്ഷകരെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ യുഗത്തില്‍ ഫിലിം  ഫെസ്റ്റിവലുകള്‍ എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ഫോറത്തില്‍ സംസാരിക്കുകയായിരുന്നു സനല്‍കുമാര്‍.
     ഫെസ്റ്റിവലുകള്‍ സമ്മാനിക്കുന്നത് വ്യത്യസ്തമായ അനുഭവങ്ങളാണെന്ന് സംവിധായകന്‍ സുദേവന്‍ പറഞ്ഞു. നാം കണ്ടുവളരുന്ന ചലച്ചിത്രശീലങ്ങളാണ് ശൈലികള്‍ സൃഷ്ടിക്കുന്നത്. തന്റെ ശൈലി രൂപപ്പെട്ടത് ഫെസ്റ്റിവലുകളിലൂടെയാണ്. വാണിജ്യസിനിമകള്‍ ശ്രദ്ധിക്കാതെപോയ ജീവിതത്തിലെ സത്യങ്ങളാണ് തന്റെ സിനിമകളുടെ പ്രമേയങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്നിലെ ചലച്ചിത്രപ്രവര്‍ത്തകനെ തിരിച്ചറിഞ്ഞത് ഫെസ്റ്റിവല്‍ സിനിമകളിലൂടെയാണെന്ന് കെ.ആര്‍ മനോജ് പറഞ്ഞു. സംവിധാനത്തില്‍ മാത്രമല്ല മറ്റ് ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ക്കും തന്റെ ഊര്‍ജം ഫെസ്റ്റിവലുകളാണ്. ആസ്വാദകന്റെ നിലവാരം ഉയര്‍ത്താനാണ് സംവിധായകര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെസ്റ്റിവലുകള്‍ക്ക് ബദല്‍ മാര്‍ഗം തിരയേണ്ട കാലമായെന്ന് സജിന്‍ബാബു അഭിപ്രായപ്പെട്ടു. മറ്റ് കലകളെ കൂടി ഉപയോഗപ്പെടുത്തിയാകണം ബദല്‍സംവിധാനമൊരുക്കേണ്ടത്. സിനിമ പതിവ് ശീലങ്ങളില്‍ നിന്നും മാറിനടക്കണമെന്നും അദ്ദേഹം പറഞ്ഞു.


സംവാദങ്ങള്‍ക്കുള്ള അവസരം കൂടിയാണ് ഫെസ്റ്റിവലുകളെന്ന് സിദ്ധാര്‍ത്ഥ് ശിവ പറഞ്ഞു. ഈ ഡിജിററല്‍ യുഗത്തില്‍ ലോകമെമ്പാടുമുള്ള സിനിമകള്‍ ലഭ്യമാകാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ കൂടുതല്‍ അറിയാനും അറിയിക്കാനും കഴിയുന്നുവെന്നതാണ് ഫെസ്റ്റിവലുകളുടെ പെരുമ. നമുക്കപ്പുറം മറ്റൊരു ലോകമുണ്ടെന്ന് നാം നേരിട്ടറിയുന്നത് ഫിലിം ഫെസ്റ്റിവലുകളിലെ ലോകസിനിമ വിഭാഗത്തിലെ സിനിമകളിലൂടെയാണ്. നമുക്ക് തികച്ചും അപരിചിതമായ മറ്റൊരു ലോകത്തേയും സംസ്‌കാരത്തേയും ജീവിതത്തേയും ഫെസ്റ്റിവലുകള്‍ നമ്മില്‍ അനുഭവവേദ്യമാക്കുന്നു. സിനിമയില്‍ നിന്നും ഒരു ആസ്വാദകന് എന്ത് മനസ്സിലാകുന്നുവോ അതാണ് അതിലെ സന്ദേശം. സംവിധായകന്  ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി ഒരു പൊതി അഴിച്ചു കാണിക്കുന്നത് പോലെ സന്ദേശം കാണിക്കാന്‍ പറ്റില്ല. അങ്ങനെ സംഭവിച്ചാല്‍ അത് സംവിധായകന്റെ പരാജയമാണെന്നും സിദ്ധാര്‍ത്ഥ് ശിവ കൂട്ടിച്ചേര്‍ത്തു. ചെറി ജേക്കബ്ബ് മോഡറേറ്റര്‍ ആയിരുന്നു. 

No comments:

Post a Comment