19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Sunday 30 November 2014

വ്യത്യസ്ത കാഴ്ചകളുമായി അഞ്ച് ജൂറി ചിത്രങ്ങള്‍

ജീവിതത്തിന്റെ വ്യത്യസ്ത കാഴ്ചകളും ഭാവങ്ങളും പ്രേക്ഷകരിലെത്തിക്കുന്ന അഞ്ച് ജൂറി ചിത്രങ്ങളാണ് ഇത്തവണ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ജൂറി ചെയര്‍മാന്‍ ഷീ ഫെയ് സംവിധാനം ചെയ്ത 'ഓയില്‍ മേക്കേഴ്‌സ് ഫാമിലി', 'ബ്ലാക്ക് സ്‌നോ', 'എ ഗേള്‍ ഫ്രം ഹുനാന്‍', മറാത്തി സംവിധായിക സുമിത്ര ഭാവെ, സുനില്‍ സുക്താങ്കറുമായി ചേര്‍ന്ന് സംവിധാനം ചെയ്ത 'വാസ്തുപുരുഷ്', റെയ്‌സ് ക്ലയ്ക് സംവിധാനം ചെയ്ത 'നൈറ്റ് ഓഫ് സൈലന്‍സ്' എന്നിവയാണ് ഈ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവരുമ്പോള്‍ ഒരു സ്ത്രീക്ക് ജീവിതത്തോടുള്ള കാഴ്ചപ്പാടില്‍ വരുന്ന മാറ്റങ്ങളാണ് 105 മിനിട്ട് ദൈര്‍ഘ്യമുള്ള 'ഓയില്‍ മേക്കേഴ്‌സ് ഫാമിലി'യില്‍ ഷീഫെയ് പറയുന്നത്. മദ്യപാനത്തിലും അലസതയിലും മുഴുകിക്കഴിയുന്ന ഭര്‍ത്താവും മകനുമടങ്ങുന്ന കുടുംബത്തെ നോക്കേണ്ട ഉത്തരവാദിത്വം പൂര്‍ണമായും സിയാങ്ങിന്റെ ചുമലിലാണ്. അപ്രതീക്ഷിതമായി കയ്യിലെത്തുന്ന പണത്തിലൂടെ ആരെയും തന്റെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ സാധിക്കുമെന്ന് അവര്‍ കരുതുന്നു. എന്നാല്‍ യാഥാര്‍ഥ്യങ്ങള്‍ അങ്ങനെയല്ലെന്ന് ജീവിതം അവരെ പഠിപ്പിക്കുന്നു. 1993 ല്‍ റിലീസ് ചെയ്ത ചിത്രം ആ വര്‍ഷത്തെ ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ബെര്‍ലിന്‍ ബെയര്‍ പുരസ്‌കാരവും ഷിക്കാഗോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള സില്‍വര്‍ ഹ്യൂഗോ  പുരസ്‌കാരവും നേടി.
ഷീഫെയ് തന്നെ 1990 ല്‍ സംവിധാനം ചെയ്ത ചൈനീസ് ഡ്രാമാ ചിത്രമാണ് 'ബ്ലാക് സ്‌നോ'. നോവലില്‍ നിന്നും പ്രമേയം ഉള്‍ക്കൊണ്ട് തയാറാക്കിയ ചിത്രം 40 ാമത് ബര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സില്‍വര്‍ ബെയര്‍ പുരസ്‌കാരം നേടി. ചൈനയില്‍ അക്കാലത്തു നടന്ന രാഷ്ട്രീയ മാറ്റങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിച്ച ആഘാതങ്ങളുടെ നേര്‍ക്കാഴ്ചയാണ്. നന്മയുടെ ലോകത്ത് നടക്കാനാഗ്രഹിക്കുന്ന നായക കഥാപാത്രങ്ങളെ സാഹചര്യങ്ങള്‍ തിന്മയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ഹാന്‍ഡ് ഹെല്‍ഡ് കാമറകൊണ്ട് ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിലെ രംഗങ്ങള്‍ യഥാര്‍ഥമായ ദൃശ്യാനുഭവം നല്‍കുന്നു.
1986 ല്‍ പുറത്തിറങ്ങിയ 'എ ഗേള്‍ ഫ്രം ഹുനാന്‍' ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തില്‍ നിന്നു നോക്കുമ്പോള്‍ വിചിത്രമെന്നു തോന്നാവുന്ന കഥയാണ് പറയുന്നത്. 12 വയസ്സുള്ള നായികയ്ക്ക് രണ്ടു വയസ്സുകാരനെ വിവാഹം കഴിക്കേണ്ടിവരുന്നു. ഭാര്യ എന്നതിലുപരി തന്റെ ഭര്‍ത്താവിന്റെ അമ്മയാവുകയാണ് നായിക. സമൂഹം അവര്‍ക്ക് കല്‍പ്പിച്ചു നല്‍കിയിരിക്കുന്ന ബന്ധമറിയാത്ത രണ്ടു വയസ്സുകാരന് അവള്‍ അമ്മതന്നെയാണ്. അവിഹിത ബന്ധത്തിലൂടെ കുഞ്ഞിനെ പ്രസവിക്കുന്ന നായികയ്ക്ക് തന്റെ അമ്മായിയമ്മയുടെ നിര്‍ബന്ധപ്രകാരം ആ കുഞ്ഞിനെയും മറ്റൊരു കൗമാരക്കാരിക്ക് വിവാഹം കഴിച്ചു നല്‍കേണ്ടിവരുന്നു. 1987 ലെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ അണ്‍ സേര്‍ട്ടണ്‍ റിഗാര്‍ഡ് സെക്ഷനില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 110 മിനിട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. 1987 ലെ ചൈന ഗോള്‍ഡന്‍ ഫിനിക്‌സ് അവാര്‍ഡ് ചിത്രത്തിലെ നായികയ്ക്ക് ലഭിച്ചു.
സുമിത്ര ഭാവെ-സുനില്‍ സുക്താങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന മനോഹരമായ ബംഗാളി ചിത്രമാണ് 'വാസ്തുപുരുഷ്'. യാഥാസ്ഥിതിക ജീവിതത്തിന്റെ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് തന്റെ മകന്‍ ജീവിതയാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയണമെന്ന ഒരമ്മയുടെ തീവ്രാഭിലാഷമാണ് 'വാസ്തുപുരുഷ്'. പാവങ്ങളെ സഹായിക്കുന്ന ഒരു ഡോക്ടറായി മാറാന്‍ അമ്മയുടെ നിശ്ചയദാര്‍ഢ്യം അവനെ സഹായിച്ചു. 40 വര്‍ഷങ്ങള്‍ക്കു ശേഷം മടങ്ങിയെത്തുന്ന ഡോ. ഭാസ്‌കര്‍ ദേശ്പാണ്ഡെയുടെ ഓര്‍മകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. 2003 ലെ നാഷണല്‍ ഫിലിം അവാര്‍ഡ്‌സില്‍ മികച്ച മറാത്തി ഫിലിമിനുള്ള ഗോള്‍ഡന്‍ ലോട്ടസ് അവാര്‍ഡ് നേടി. 2004 ലെ സ്‌ക്രീന്‍ പീക്ക്‌ലി അവാര്‍ഡ് മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള പുരസ്‌കാരവും ചിത്രം നേടി.
തന്നെക്കാള്‍ 30 വയസ്സ് മുതിര്‍ന്ന ജയില്‍പുള്ളിയെ വിവാഹം കഴിക്കേണ്ടിവരുന്ന കൗമാരക്കാരിയുടെ നിസ്സഹായാവസ്ഥയാണ് റെയ്‌സ് ക്ലയ്ക്കിന്റെ 'നൈറ്റ് ഓഫ് സൈലന്‍സ്' പറയുന്നത്. 2013 ല്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ദൈര്‍ഘ്യം 92 മിനിട്ടാണ്.

No comments:

Post a Comment